ചാരുംമൂട്: സിപിഎം ബന്ധം ഉപേക്ഷിച്ച ജി. സുധാകരനെ അനുകൂലിച്ച് ചാരുംമൂട്ടിൽ രഹസ്യ യോഗം ചേർന്നു. ചാരുംമൂട് ഏരിയയിലെ സുധാകരൻ അനുകൂലികളാണ് യോഗം ചേർന്നത്.
സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നടന്ന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ മുൻ ഏരിയ സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, യുവജന സംഘടന നേതാക്കന്മാർ ഉൾപ്പടെ ഇരുപതോളം പേർ പങ്കെടുത്തതായാണ് വിവരം.
എന്നാൽ സിപിഎം ഏരിയാ നേതൃത്വം ഇതു നിഷേധിച്ചു. ജി. സുധാകരനൊപ്പം ചാരുംമൂട് ഏരിയയിൽനിന്നു ഒരു പാർട്ടി അംഗം പോലും പോയിട്ടില്ലന്നും പാർട്ടി ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ ജി. സുധാകരനു വേണ്ടി രഹസ്യയോഗം നടന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണന്നും ഏരിയ സെക്രട്ടറി ബി. ബിനു പ്രസ്താവനയിൽ പറഞ്ഞു.
ജി. സുധാകരന്റെ വാർത്താസമ്മേളനം അറിഞ്ഞതിനെ തുടർന്ന് ആയിരക്കണക്കിന് പാർട്ടി സഖാക്കളും ബന്ധുക്കളും പാർട്ടി ഓഫീസിൽ തടിച്ചു കൂടുകയും പ്രകടനമായി ഭുവനേശ്വരന്റെ സ്മൃതി മണ്ഡപത്തിലേക്ക് എത്തിച്ചേരുകയുമാണ് ഉണ്ടായത്. ഭുവനേശ്വരന്റെ മണ്ണിൽ പാർട്ടിക്ക് ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമായാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം പ്രചരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.